അസാധാരണ നീക്കവുമായി എൻ പ്രശാന്ത്; അഞ്ച് ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

അസാധാരണ നീക്കവുമായി അച്ചടക്ക ലംഘനത്തിന് സസ്പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. തനിക്കു ലഭിച്ച സസ്പെൻഷൻ മെമ്മോയ്ക്ക് മറുപടി നൽകാതെ മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് അഞ്ച് ചോദ്യങ്ങളടങ്ങിയ വിശദീകരണമാണ് പ്രശാന്ത് കത്തിലൂടെ ചോദിച്ചിരിക്കുന്നത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്തിൻറെ നിലപാട്.

കത്തിലെ അഞ്ചു ചോദ്യങ്ങൾ

1. പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ എന്തിന് ?

2. സസ്പെൻഷനു മുമ്പ് തന്റെ ഭാഗം കേൾക്കാത്തത് എന്ത്?

3. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ശേഖരിച്ചത് ആരാണ്?

4. ഏത് അക്കൗണ്ടിൽ നിന്നാണ് എടുത്തത്?

5. വ്യാജമാണോയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ?

സസ്പെൻഷൻ മെമ്മോ ലഭിച്ച് 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ചട്ടം. സസ്പെൻഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അയച്ച കുറ്റപത്ര മെമ്മോ ഈ മാസം 9നു പ്രശാന്ത് കൈപ്പറ്റിയെങ്കിലും മറുപടി നൽകിയിട്ടില്ല. പകരം മെമ്മോയിൽ തനിക്കെതിരെ ആരോപിച്ച കുറ്റങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ തേടി ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നേരത്തെ തന്നെ ഒരു കത്തയച്ചിരുന്നു. വിശദാംശങ്ങൾ ലഭിച്ച ശേഷമേ മെമ്മോയ്ക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്തിന്റെ തീരുമാനം.

നവംബർ 8 മുതൽ 11 വരെ ഫേസ്ബുക്കിൽ പ്രശാന്ത് പങ്കുവച്ച കുറിപ്പുകളാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങളായി സസ്പെൻഷൻ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷി വകുപ്പിലെ സ്പെഷൽ സെക്രട്ടറിയെന്ന നിലയിൽ കാംകോ പവർ വീഡറിന്റെ പരസ്യം പങ്കുവച്ച് ഫെയ്സ്ബുക്കിലിട്ട പരാമർശവും ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണെന്നു മെമ്മോയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്തത് കടുത്ത അനീതിയാണെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് പ്രശാന്ത്. അതിനെതിരായ പോരാട്ടമെന്ന നിലയിലാണ് ജയതിലകിനെ നേർക്കുനേർ നേരിടാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ. ജയതിലകും സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനും ചേർന്ന് തന്നെ കുടുക്കാൻ വ്യാജ രേഖ തയാറാക്കിയെന്നും അതു ചോദ്യംചെയ്തതിന് സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നുമാണ് പ്രശാന്തിന്റെ വാദം.