പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന് വിട നല്‍കി ജന്മനാട്. ഇടപ്പള്ളി ശാന്തികവാടം ശ്മശഷാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ ഏഴ് മുതല്‍ പൊതുദര്‍ശനം ഉണ്ടായിരുന്നു.
വലിയ ജനസാഗരമാണ് രാമചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, എറണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അടക്കം പ്രമുഖര്‍ രാമചന്ദ്രന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
മന്ത്രി ആര്‍.ബിന്ദു, മുന്‍ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ ഇന്നലെ രാമചന്ദ്രന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. നാട് മുഴുവന്‍ രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുകയാണെന്നും ലോകത്തെ തന്നെ നടക്കിയ സംഭവത്തില്‍ ഒരു മലയാളിയുണ്ടെന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു.
Read more
രാമചന്ദ്രന്റെ മകളുടെ വാക്കുകള്‍ രാജ്യത്തിനുള്ള സന്ദേശമാണ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വാക്കുകള്‍. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലക്കും മകള്‍ ആരതിക്കും പേരക്കുട്ടികള്‍ക്കുമൊപ്പം രാമചന്ദ്രന്‍ കശ്മീരിലേക്ക് പോയത്.