ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്ന നദ്ദയുടെ പരാമര്‍ശം അസംബന്ധം: എം.എ ബേബി

പിണറായി സര്‍ക്കാര്‍ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാദത്തിന് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നുവെന്ന പരാമര്‍ശം അസംബന്ധമാണ്. ഇത് വസ്തുതാവിരുദ്ധമാണ്. ജെപി നദ്ദ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ദുരാരോപണം ഉന്നയിച്ചതെന്ന് എംഎ ബേബി ചോദിച്ചു.

കൃത്യമായ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങളോട് കൂടിയാണ് നദ്ദ ഇത് പറഞ്ഞതെന്ന് എംഎ ബേബി പറഞ്ഞു. രാജ്യത്താകെ വര്‍ഗീയുണ്ടാക്കും സംഘപരിവാറിന്റെ നേതാവാണ് കേരളത്തില്‍ വന്ന് വര്‍ഗീയത പറയുന്നത്. കേരളത്തില്‍ വര്‍ഗീയത കുത്തിപ്പൊക്കാനുള്ള നദ്ദയുടെ ശ്രമം വിലപ്പോകില്ലെന്നും എംഎ ബേബി പറഞ്ഞു.

കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്നാണ് ജെപി നദ്ദ പറഞ്ഞത്. കോഴിക്കോട് ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വിമര്‍ശനം.

പിണറായി സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണ്.

കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ അവരെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന രീതി അവസാനിപ്പിക്കണം എന്നാണ് നദ്ദ പറഞ്ഞത്.