എന്‍എസ്എസിന്റെ നാമജപയാത്ര കേസ്: ഗൂഢലക്ഷ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുന്നു

മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് നീക്കം. നിയമസാധുത പരിശോധിച്ചു. തുടര്‍നടപടി അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ആലോചനയില്‍.

നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസിന്റെ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നാലാഴ്ചത്തേക്കാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്.

ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതായിരുന്നു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കാനുള്ള പൊലീസിന്റെ നീക്കം.

എന്‍എസ്എസ് ജാഥയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക. റോഡിന്റെ ഒരു ഭാഗം മുഴുവനായും യാത്ര തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാര്‍ഗതടസം നടത്തി ജാഥകള്‍ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്.

Read more

ഇത് ലംഘിച്ച് കേസ് അവസാനിപ്പിച്ചാല്‍ നിയമപ്രശ്‌നങ്ങള്‍ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകള്‍ രംഗത്ത് വരികയും ചെയ്‌തേക്കും. ഈ സാഹചര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.