നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി അന്നനാളത്തില്‍ ഭക്ഷണം കുരുങ്ങി ഗുരുതരാവസ്ഥയില്‍

നന്തന്‍കോട് കൂട്ടക്കൊല കേസിലെ വിചാരണ തടവുകാരനായ കേദല്‍ ജിന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍. ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയതിനെതുടര്‍ന്ന് കേദലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെന്റിലേറ്ററിലാണ് ഇപ്പോള്‍ കേദല്‍. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവമുണ്ടായത്. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനാണ് കേദല്‍. കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് കേദല്‍ കടന്നുകളഞ്ഞിരുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന മനസ്സിലാക്കിയ കേദല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.