നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. കുറവിലങ്ങാട് പൊലീസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ല പ്രസിഡൻറ് അബ്ദുൽ അസീസ് മൗലവിയുടെ പരാതിയിലാണ് നടപടി. ഇദ്ദേഹം നേരത്തെ കുറവിലങ്ങാട് പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. ഇതേതുടർന്നാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സെപ്റ്റംബർ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തിൽ കുർബാനമധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്.
നാർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തിൽ പറഞ്ഞത്. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു.
മുസ്ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.