സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതുപ്രകാരം കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെ കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന്റെ തീരദേശ മേഖലയില്‍ ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശം നിലനില്ക്കുന്നു. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന അറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ മാഡമണ്‍ സ്റ്റേഷന് (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷന് (മണിമല നദി) എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് കേന്ദ്ര ജല കമ്മീഷന് പ്രഖ്യാപിച്ചിരിയ്ക്കുന്നു. അതോടൊപ്പം പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്റ്റേഷന് (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയര്‍ സ്റ്റേഷന് (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന് (തൊടുപുഴ നദി) എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും ഉണ്ട്. ആയതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അരുവിക്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പാംബ്ലാ, പെരിങ്ങല്‍കൂത്ത് എന്നീ ഡാമുകളില്‍ നിന്നും മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്.
കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട് (ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട്).
ശക്തമായ മഴയെ തുടര്‍ന്ന് നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മലയോരമേഖലകളില്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇത്തരം മേഖലകളിലേക്കുള്ള രാത്രിയാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും, ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. ബന്ധുവീടുകളിലേക്കോ അധികാരികള്‍ തയ്യറാക്കിയ ക്യാമ്പുകളിലേക്കോ ഇത്തരം സാഹചര്യത്തില്‍ മാറാവുന്നതാണ്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
Read more
ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. വിവിധ കുടുംബങ്ങളില്‍ നിന്നായി 36 പേര് ക്യാമ്പില്‍ താമസിക്കുന്നുണ്ട്. ശക്തമായ മഴയില്‍ ഇടുക്കി ജില്ലയില്‍ മാല എന്ന വ്യക്തി മരണപ്പെട്ടിട്ടുണ്ട്.