ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ് നാളെ കേരളത്തിൽ എത്തും. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തിരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾക്കായാണ് തരുൺ ചുഗ്ഗ് കേരളത്തിൽ എത്തുന്നത്. നിയമസഭ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വലിയ പ്രതിസന്ധിയാണ് ബിജെപി സംസ്ഥാന ഘടകത്തിൽ ഉണ്ടായത്.
നിലവിലെ ബിജെപിയിലെ പ്രശ്നപരിഹാരത്തിന് സജീവമായ ഇടപെടൽ നടത്തുകയാണ് ദേശീയ ജനറൽ സെക്രട്ടറിയെ നേരിട്ട് കേരളത്തിലേക്ക് അയക്കുന്നതിലൂടെ ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞ് നിൽക്കുന്ന ഗ്രൂപ്പ് നേതാക്കളുമായും ദേശീയ ജനറൽ സെക്രട്ടറി ചർച്ച നടത്തും. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തെരഞ്ഞെടുപ്പും തരുൺ ചുഗ്ഗിൻ്റെ വരവിൽ ചർച്ചയാകും.
അതേസമയം പി കെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രനുമായും ജനറൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തോൽവിയും തുടർന്നുണ്ടായ പ്രശ്നങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ചയാകും. നേരത്തെ സംഘടനാ തിരഞ്ഞെടുപ്പിലെ വരണാധികാരികൾ കൂടിയായ പി കെ കൃഷ്ണദാസും എം ടി രമേശും ബിജെപി ഭാരവാഹി യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു.