ടോള്‍ അടച്ചുതന്നെ പോകണം; ആര്‍ടിസികള്‍ക്കെല്ലാം ഒരു നിയമമെന്ന് കേന്ദ്രം; മാസം ഒന്നരക്കോടി ടോള്‍ വലിയ ബാധ്യതയെന്ന് കെഎസ്ആര്‍ടിസി; ദേശീയപാത 66 പൂര്‍ത്തിയാകുമ്പോള്‍ ടിക്കറ്റ് കീറും

ദേശീയ പാതയില്‍ കേരള ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയപാതയിലെ ടോള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംസ്ഥാനങ്ങളും ടോള്‍ നല്‍കുമ്പോള്‍ കേരളത്തിന് മാത്രമായി ഇത്തരം ഒരു ഇളവ് നല്‍കാനാവില്ലന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം വ്യക്തമാക്കി.

പ്രതി മാസം ഒന്നരക്കോടിരൂപയാണ് ടോള്‍നിരക്കായി കെഎസ്ആര്‍ടിസി നല്‍കുന്നത്. ഇത് ഒഴിവാക്കാനായാണ് കേരളം കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി വലിയ ടോള്‍ കുടിശ്ശിക നല്‍കാനുണ്ട്. പനവേല്‍-കന്യാകുമാരി ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടോള്‍നിരക്ക് കുത്തനെ ഉയരും. കെഎസ്ആര്‍ടിസി. ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് തിരുവനന്തപുരം-കാസര്‍കോട് പാതയാണ്. ടോള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാനാകുമെന്ന് കാണിച്ചാണ് കേന്ദ്രത്തെ സമീപിച്ചത്.

ടോള്‍ റോഡുകള്‍ ഉപയോഗിച്ചാലും യാത്രക്കാരില്‍നിന്നും അധികനിരക്ക് ഈടാക്കാന്‍ കഴിയില്ല. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍നിരക്ക് ബാധ്യതയാകില്ല.

അതേസമയം, പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് ഇന്നു പ്രാബല്യത്തില്‍ വരും. അഞ്ചു മുതല്‍ 10 രൂപ വരെയാണ് നിരക്കു വര്‍ധന. കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്കുള്ള നിരക്കില്‍ മാറ്റമില്ല. ബസ്, ട്രക്ക്, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് അഞ്ചു രൂപയുടെ വര്‍ധനയുണ്ടാകും. ദിവസം ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും അഞ്ചു മുതല്‍ 10 രൂപ വരെ വര്‍ധിക്കും.

10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. കാര്‍, വാന്‍, ജീപ്പ് വിഭാഗത്തിന് ഒരു ഭാഗത്തേക്ക് 90 രൂപ തുടരും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കു 140 രൂപയാകും.

ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160 രൂപ. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇനി 240 രൂപ നല്‍കണം.ബസ്, ട്രക്ക് തുടങ്ങിയവയ്ക്ക് ഒരു ഭാഗത്തേക്ക് 315 നു പകരം 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 475നു പകരം 480 രൂപയും ആയിരിക്കും നിരക്ക്. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 രൂപ. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775 രൂപ.