ആനയെ ഇടിച്ചിട്ടതില്‍ പിടിച്ച് കര്‍ണാടക; 'കില്ലര്‍ ഹൈവേ' ഭാഗികമായി അടയ്ക്കാന്‍ നീക്കം; ബന്ദിപ്പൂരില്‍ നിലപാട് കടുപ്പിക്കുന്നു

ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. കോഴിക്കോട് – മൈസൂര്‍ ദേശീയപാത 766 ല്‍ ബന്ദിപ്പുര്‍ മേഖലയില്‍ രാത്രികാല ഗതാഗത നിരോധനത്തിന്റെ സമയം നീട്ടുമെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്.

ഇന്നലെ ഇതേ പാതയില്‍ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കര്‍ണാടക വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെ ആക്കാനാണ് കര്‍ണാടക ശ്രമിക്കുന്നത്.
കേരള കര്‍ണാടക അതിര്‍ത്തിയില്‍ മൂലഹള്ളയ്ക്കും മധൂര്‍ ചെക്ക്‌പോസ്റ്റിനും ഇടയില്‍ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞിരുന്നു.

Read more

രാത്രി ഒമ്പതിന് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിര്‍ത്തി പിന്നിടാന്‍ അമിതവേഗതയില്‍ എത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം. ചരിഞ്ഞ ആനയുടെ ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. കര്‍ണാടക ആറുമണി മുതല്‍ ഗതാഗതം നിരോധിച്ചാല്‍ ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് കേരളത്തിനാണ്. മൈസൂരും ബെംഗളൂരു യാത്രികരെയും ചരക്കു നീക്കത്തെയും ഇതു പ്രതികൂലമായി ബാധിക്കും. വന്യ മൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ചാവുന്നത് കര്‍ണാടകയിലെ ഈ ദേശീയപാതയിലാണ്. കില്ലര്‍ ഹൈവേയെന്നാണ് കര്‍ണാടക വനംവകുപ്പ് ഈ പാതയെ വിശേഷിപ്പിക്കുന്നത്.