വാളയാർ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും ആദ്യഘട്ടം മുതൽ അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷൻ ഉപാദ്ധ്യക്ഷൻ എൽ മുരുകൻ. കേസിൽ ഗുരുതര വീഴ്ചകളുണ്ടായി. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ഡൽഹി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും എൽ മുരുകൻ പ്രതികരിച്ചു. കമ്മീഷൻ കേസ് ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു ദേശീയ എസ് സി കമ്മീഷൻ ഉപാദ്ധ്യക്ഷന്റെ പ്രതികരണം.
വാളയാർ കേസിന്റെ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമ്മീഷന് പരാതി ലഭിച്ചിരുന്നു. വിഷയത്തിൽ കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനാണ് പരാതി നൽകിയത്.
കേസ് സിബിഐയ്ക്ക് കൈമാറി പുനരന്വേഷിക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ട് ബിജെപി പട്ടിക ജാതി മോർച്ചയും ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകിയിരുന്നു.
സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെയാണ് കേസന്വേഷണത്തിലെ പാളിച്ചകൾ ഓരോന്നായി പുറത്തു വന്നത്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് തെളിഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്തായി.
പ്രതിപക്ഷത്തിനൊപ്പം സമൂഹവും വാളയാർ പെൺകുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യവുമായി രംഗത്തെത്തി. രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ യുവജനസംഘടനകളുടെയും വനിതാസംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
പ്രതികള്‍ക്ക് വേണ്ടി കോടതിയിലെത്തിയ ആളെ തന്നെ പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാനാക്കിയതും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയതുമെല്ലാം വിവാദം ആളിക്കത്തിച്ചു. ഈ സാഹചര്യത്തിലാണ് കേസിൽ വീഴ്ച ഉണ്ടായെന്ന പരാതിയിൽ ദേശീയ പട്ടികജാതി കമ്മീഷന്റെ അടിയന്തര ഇടപെടൽ.