നവകേരള സദസ് ഇന്ന് എറണാകുളത്ത് സമാപിക്കും; പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം

നവകേരള സദസ് ഇന്ന് എറണാകുളത്ത് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. ഇതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നവകേരള സദസ് പൂര്‍ത്തിയാകും. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ആയിരുന്നു എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ പരിപാടി മാറ്റിവച്ചിരുന്നത്.

വൈകുന്നേരം 3നും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍. നവകേരള സദസിന് പാലാരിവട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ എട്ടുമണിക്കൂറോളം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉപരോധിച്ചു.

പ്രതിഷേധം കനത്തതോടെ കൊച്ചി നഗരത്തില്‍ഗതാഗതക്കുരുക്കിനും കാരണമായി. നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പുലര്‍ച്ചെ രണ്ട് മണിയോടെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് സമരം അവസാനിച്ചത്. അതേസമയം നവകേരള സദസിനെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.