സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അണികളെയും അനുഭാവികളെയും നവകേരള സദസിലൂടെ ബോധിപ്പിക്കാനായെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍. പെന്‍ഷനുകളും ആനുകൂല്യങ്ങളും ലഭിക്കാത്തതിന്റെ കാരണം കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍.
ഡിഎ, ശമ്പളപരിഷ്‌കരണ കുടിശ്ശികകള്‍ നല്‍കാത്തതിനാല്‍ സിപിഎം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ. യൂണിയന്‍ അംഗങ്ങള്‍ പോലും വിമര്‍ശനമുന്നയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര നിലപാടാണെന്നും തടഞ്ഞുവച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തിരികെ നല്‍കുമെന്നുമുള്ള സന്ദേശമാണ് എന്‍.ജി.ഒ. യൂണിയന് നല്‍കിയത്.
ഇടത് അണികളെയും അനുഭാവികളെയും ആവേശഭരിതരാക്കാനും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കാനും നവകേരള സദസിലൂടെ സാധിച്ചു എന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനത്തിനിടെ ഉണ്ടായ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്.
അതേസമയം, പുതുവല്‍സരത്തില്‍ പുതിയ മന്ത്രിമാരേ കൂടി ചേര്‍ത്തായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ എറണാകുളം ജില്ലയിലെ നാല് നവകേരള സദസുകള്‍. 136 മണ്ഡലങ്ങളിലും ചുറ്റിയ നവകേരള ബസ് എറണാകുളം ജില്ലയിലേക്കെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കും ഇനി അടിസ്ഥാനമില്ല. ബസില്‍ തന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പിറവത്തും കുന്നത്തുനാട്ടിലുമെത്തുക.
ഒന്നാം തീയതി ഉച്ചകഴിഞ്ഞ് 3ന് കാക്കനാട് സിവില്‍ സ്റ്റേഷനിലായിരക്കും തൃക്കാക്കര മണ്ഡലത്തിലെ സദസ്. വൈകിട്ട് 5ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം മണ്ഡലത്തിലെ സദസ് നടക്കും. രണ്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നിന്. പുതിയകാവ് ക്ഷേത്രമൈതാനത്ത് തൃപ്പൂണിത്തുറയിലെയും വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടില്‍ കുന്നത്തുനാട്ടിലെയും സദസ് സംഘടിപ്പിക്കും