'നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, എഡിഎമ്മിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തി'; അന്വേഷണ റിപ്പോർട്ട് പുറത്ത്

പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഫയലിൽ കാലതാമസം വരുത്തിയതിനും തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എഡിഎമ്മിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയെന്നും കരുതിക്കൂട്ടിയാണ് യാത്രയയപ്പ് ചടങ്ങിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ലാൻഡ് റവന്യു ജോ.കമ്മീഷണറുടേതാണ് കണ്ടെത്തൽ. അതേസമയം പരുപാടി ചിത്രീകരിച്ച കണ്ണൂർ വിഷൻ പി പി ദിവ്യക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിനെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമം നടത്തിയെന്നാണ് മൊഴി. യാത്ര അയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ ആവശ്യപ്പെട്ടത് പി പി ദിവ്യ ആണെന്നും ചിത്രീകരണം കൈപ്പറ്റിയതും പി പി ദിവ്യ ആണെന്നും കണ്ണൂർ വിഷൻ മൊഴി നൽകിയിട്ടുണ്ട്.