നയനയുടെ മരണരംഗം പുനരാവിഷ്‌കരിക്കും; നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

സംവിധായിക നയന സൂര്യന്‍ മരിച്ചിട്ട് ഇന്ന് നാല് വര്‍ഷമാവുകയാണ്. ഓര്‍മദിനത്തില്‍ സുഹൃത്തുക്കള്‍ കാത്തിരിക്കുന്നത് നയനയുടെ മരണകാരണം എന്തെന്ന് അറിയാനാണ്. അതിലേക്കുള്ള അന്വേഷണം തുടരുന്ന ക്രൈംബ്രാഞ്ച് നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

നയനയെ മരിച്ച നിലയില്‍ ആദ്യം കണ്ട സുഹൃത്തുക്കളെയും ഫൊറന്‍സിക് സംഘത്തെയും ഉള്‍പ്പെടുത്തി മരണരംഗം അതേ മുറിയില്‍ പുനരാവിഷ്‌കരിക്കാന്‍. നയനയുടെ മുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.

ശരീരത്തിലെ മുറിവുകളേക്കുറിച്ച് ഫൊറന്‍സിക് സര്‍ജനോട് വീണ്ടും വ്യക്തത വരുത്താനും തീരുമാനിച്ചു. സാക്ഷികളില്‍ ഭൂരിഭാഗം പേരും മൊഴി നല്‍കിയിരിക്കുന്നത് കുറ്റിയിട്ടിരുന്നൂവെന്നും മുറി ബലം പ്രയോഗിച്ചണ് തുറന്നതെന്നുമാണ്. പുനരാവിഷ്‌കാരത്തിലും ഇത് തെളിഞ്ഞാല്‍ ആത്മഹത്യ എന്ന സാധ്യതയ്ക്ക് ബലമേറും. അല്ലെങ്കില്‍ കൊലപാതകത്തിലേക്കും.

അതോടൊപ്പം ശരീരത്തിലെ മുറിവുകളെക്കുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. കെ. ശശികലയുമായി സംസാരിച്ച് ഒരിക്കല്‍ കൂടി വ്യക്തത വരുത്തും. ഇതിന് ശേഷം മെഡിക്കല്‍ ബോര്‍ഡും തെളിവുകള്‍ വിലയിരുത്തുന്നതോടെ നയനയുടെ മരണകാരണത്തില്‍ അന്തിമ നിഗമനത്തിലെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.