കുണ്ടറ പീഡന പരാതി വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ താക്കീത് ചെയ്ത് എൻസിപി. പാർട്ടിൽ ആറ് പേർക്ക് വിഷയത്തിൽ സസ്പെൻഷനും നൽകി. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയവരെ സസ്പെൻഡ് ചെയ്യുകയാണെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ വിശദീരകരണം.
ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്ന് എൻസിപി മന്ത്രി ശശീന്ദ്രന് നിർദ്ദേശം നൽകി. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ ഇത്തരം കാര്യങ്ങൾക്ക് മന്ത്രിയെ സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം.
കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്‌ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻപുരയ്ക്കൽ, സലീം കാലിക്കറ്റ് എന്നിവരെയും എൻവൈസി കൊല്ലം പ്രസിഡന്റ് ബിജുവിനെയും ആണ് എൻസിപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബെനഡിക്ടാണ് ഫോണ്‍കോള്‍ റെക്കോഡ് മാധ്യമങ്ങളിലെത്തിച്ചതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പ്രദീപ് മന്ത്രിയെ ഫോണ്‍ വിളിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതി ഹണി വിറ്റോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.