എന്‍ഡിഎയുടെ കേരള പദയാത്രക്ക് ഇന്നു കാസര്‍ഗോഡ് തുടക്കം; ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര കാസര്‍ഗോഡ് നിന്നും ഇന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും.

രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് കെ.സുരേന്ദ്രന്റെ കാസര്‍ഗോഡ് ജില്ലയിലെ പരിപാടികള്‍ തുടങ്ങുക. രാവിലെ 9ന്് വാര്‍ത്താസമ്മേളനം. രാവിലെ 10.30 ന് കുമ്പളയില്‍ നടക്കുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 12ന് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയിലും അദ്ദേഹം സംസാരിക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും.

ഫെബ്രുവരി 3,5,5,7 തിയ്യതികളില്‍ ആറ്റിംങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 9,10,12 തിയ്യതികളില്‍ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19,20,21 തിയ്യതികളില്‍ മലപ്പുറം,കോഴിക്കോട്,ആലത്തൂര്‍ മണ്ഡലങ്ങളില്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന യാത്ര പര്യടനം നടത്തും. പൊന്നാനിയില്‍ 23നും എറണാകുളത്ത് 24നും തൃശ്ശൂരില്‍ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.