സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശാനുസരണം കേന്ദ്ര സര്‍ക്കാരുമായി ധനമന്ത്രി കെ.എന്‍.
ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെന്നും കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
കോടതിയില്‍ കേസ് നില്‍ക്കുമ്പോള്‍ എങ്ങനെ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. കേരളം സുപ്രീംകോടതിയില്‍ കേസ് നല്‍കിയത് ചര്‍ച്ചയില്‍ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും.
കേന്ദ്ര ധനകാര്യ സെക്രട്ടറി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്നിവരുള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ കൂടാതെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
മറ്റുകാര്യങ്ങള്‍ നാളെ സെക്രട്ടറിതലത്തില്‍ ചര്‍ച്ച ചെയ്യും. ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ന്യായമായി കിട്ടേണ്ട കാര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. അടിയന്തരമായി ലഭിക്കേണ്ട കാര്യങ്ങളില്‍ പ്രത്യേക നിവേദനം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.