നെഹ്‌റു കോളേജ് വിദ്യാര്‍ഥിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്; 'എന്നെപോലുള്ളവര്‍ക്ക് മരണം കൊണ്ട് മാത്രമേ സമരം ചെയ്യാന്‍ കഴിയു'

നെഹ്‌റു കോളേജില്‍ ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിയുടെ ആത്മഹത്യാകുറിപ്പ്് പുറത്ത്. ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളേജിലെ എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ആത്മഹത്യാകുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. നിയമം കൊണ്ട് നീതി ലഭിക്കില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദി നെഹറുഗ്രൂപ്പ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ പേരും വിദ്യാര്‍ഥി കത്തില്‍ സൂചിപ്പിക്കുന്നു. ജിഷ്ണു പ്രണോയിയുടെ വേര്‍പാടിന് ഒരു വര്‍ഷത്തിനിപ്പുറമാണ് വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ നെഹ്‌റുകോളേജില്‍ നിന്നുണ്ടാകുന്നത്.

“ജീവിതം മടുത്ത ഒരുത്തന്റെ ആത്മഹത്യാകുറിപ്പല്ല ഇത്. ഇതെന്റെ അവസാനത്തെ പ്രധിഷേധ മാര്‍ഗമാണ്. നീതിയും നിയമവുമെല്ലാം കൃഷ്ണദാസിനെ പോലുള്ള തമ്പുരാക്കന്‍മാരുടെ കിടപ്പറയില്‍ വ്യഭിചരിക്കുമ്പോള്‍ എന്നെപോലെയുള്ള ഏഴകള്‍ക്ക് മരണം കൊണ്ട് മാത്രമേ സമരം ചെയ്യാന്‍ കഴിയു”

ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളേജില്‍ ആത്മഹത്യാശ്രം നടത്തിയ വിദ്യാര്‍ഥിയുടെ ആത്മഹത്യാകുറിപ്പിലെ വരികളാണിത്. പാലക്കാട് സ്വദേശി ആയ വിദ്യാര്‍ഥിയാണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ മാസം ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് ഈ വിദ്യാര്‍ഥിയെയടക്കം ചിലരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് വിദ്യാര്‍ഥി ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും വിദ്യാര്‍ഥിയുടെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് വിദ്യാര്‍ഥിയെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നു. ഇന്ന് രാവിലെ ക്ലാസ്സിലെത്തിയ വിദ്യാര്‍ഥിയോട് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം . ഇതേത്തുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതേസമയം, വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.