നെഹ്‌റു കുടുംബം പരമ്പരാഗത മോഷ്ടാക്കളാണെന്ന് സി.പി.എം, എം.എൽ.എ, എസ്. രാജേന്ദ്രൻ പറഞ്ഞതായി റിപ്പോർട്ട്. സി.പി.എം മൂന്നാർ ഏരിയ കമ്മറ്റി മൂന്നാർ ടൗണിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ദേവികുളം എം.എൽ.എ നെഹ്‌റു കുടുംബത്തെ അവഹേളിച്ചു പരാമർശം നടത്തിയത്.
പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്‌റു കുടുംബം ഗാന്ധിയുടെ പേര് മോഷ്ടിച്ചു എന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്‌റു ഈ പരമ്പരയിൽ പെട്ടവരാണ് ഇന്ദിര മുതൽ രാഹുൽ, പ്രിയങ്ക വരെയുള്ളവർ എന്നാൽ ഇവരുടെ പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു എന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണം. നെഹ്‌റുവിന്റെ പേരിനൊപ്പം ഗാന്ധിയുണ്ടോ? നെഹ്‌റുവുമായി എന്താണ് ഗാന്ധി കുടുംബത്തിന് ബന്ധം? എസ്. രാജേന്ദ്രൻ ചോദിച്ചു. നെഹ്‌റുവിന്റെ പിതാവിനോ ബന്ധപ്പെട്ടവർക്കോ ഗാന്ധി എന്ന പേരില്ല പിന്നെ എന്തിനാണ് കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നവർ പേരിനൊപ്പം ഗാന്ധി എന്ന് ചേർക്കുന്നതെന്ന് പറയണമെന്ന് രാജേന്ദ്രൻ പറഞ്ഞു.
മോഷണം നടത്തിയ കുടുംബത്തിന്റെ അണികളായ കോൺഗ്രസ് പ്രവർത്തകരാണ് തൊട്ടതിനും പിടിച്ചതിനു ഇടതുപക്ഷ സർക്കാരിനെയും നേതാക്കളെയും വിമർശിക്കുന്നത് എന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഇന്ദിര ഗാന്ധിയുടെ ഭർത്താവായിരുന്ന ഫിറോസ് മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിൽ ചേർന്നതിനുശേഷം തന്റെ കുടുംബപ്പേര് “ഗാന്തി”(Ghandy) എന്നതിൽ നിന്ന് “ഗാന്ധി” (Gandhi) എന്നാക്കി മാറ്റി. രതിമയി ഗാന്തി, ജഹാംഗീർ ഫരേഡൂൺ ഗാന്തി എന്നിവരാണ് ഫിറോസ് ഗാന്ധിയുടെ മാതാപിതാക്കൾ. ഇങ്ങനെ ഫിറോസ് ഗാന്ധി വഴി ഇന്ദിര ഗാന്ധിക്കും നെഹ്‌റു കുടുംബത്തിലെ അടുത്ത തലമുറക്കും ഗാന്ധി എന്ന പേര് ലഭിക്കുകയായിരുന്നു.