നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ വിദേശികള്‍; പതിനാറ് രാജ്യങ്ങളിലെ സംഘം പുന്നമടയിലേക്ക്; സൗകര്യം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍

നെഹ്‌റു ട്രോഫി ജലമാമാങ്കം നേരില്‍ കാണാന്‍ ഇത്തവണ പ്രവാസി സംഘവും. പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള 60 അംഗ പ്രവാസി സംഘമാണ് ആലപ്പുഴയിലെത്തുന്നത്. ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍, ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് സംഘത്തിലുള്ളത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (നോ ഇന്ത്യ പ്രോഗ്രാം) പരിപാടിയുടെ 66-ാമത് എഡിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുന്ന സംഘമാണ് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ എത്തുന്നത്.

ഇന്ത്യന്‍ ജീവിതം കണ്ടറിയുക, രാജ്യം കൈവരിച്ച പുരോഗതി, സാംസ്‌കാരിക വിനിമയം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇന്ത്യയെ അറിയുക എന്ന പേരില്‍ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി നോര്‍ക്ക റൂട്ട്‌സാണ് സന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

എറണാകുളം, തൃശ്ശൂര്‍, കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷം 11-ന് ഹൗസ് ബോട്ട് മാര്‍ഗം സംഘം കുമരകത്ത് നിന്നും ആലപ്പുഴയിലെത്തും. 12ന് പുന്നമടക്കായലില്‍ പ്രത്യേകമായി സജ്ജമാക്കിയ ബോട്ടുകളിലാണിവര്‍ വള്ളംകളി കാണുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാര്‍, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ എന്നിവരും യാത്രയെ അനുഗമിക്കും.