പുന്നമടയില്‍ നാളെ ജലമാമാങ്കം; 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 72 വള്ളങ്ങള്‍ മത്സരതുഴയെറിയും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

69-ാമത് നെഹ്റു ട്രോഫി വള്ളംകളി നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫി വള്ളംകളിയില്‍ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ 11ന് തുടങ്ങും.
കൃഷി മന്ത്രി പി. പ്രസാദ് സമ്മാനദാനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി. രാജേഷ്, വീണ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.

Read more

നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 8 മുതല്‍ 9 മണി വരെ പരമ്പരാഗത വള്ളത്തില്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തും.
വോട്ടര്‍ പട്ടികയില്‍ പേര് ചെര്‍ക്കുന്നതിന് സഹായിക്കുന്നതിന് പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്വീപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ പ്രായം തെളിയിക്കുന്ന രേഖ, ആധാര്‍, കുടുംബത്തിലെ മറ്റ് ആരുടെയെങ്കിലും വോട്ടര്‍ ഐ.ഡി. കാര്‍ഡ് എന്നിവ സഹിതം എത്തണം.