നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഇന്ന് ആരംഭം. രാവിലെ 11 മണിയോടെയാണ് മത്സരങ്ങള്‍ തുടങ്ങുക. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 77 വള്ളങ്ങളാണ് നെഹ്റു ട്രോഫി വള്ളംകളിയില്‍ മത്സരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനവും ഉണ്ടാകും. നാലുമണി മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുക.
സി ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവര്‍ക്കു മാത്രമാണ് ഗാലറിയിലേക്ക് പ്രവേശനം. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഫെസിലിറ്റേഷന്‍ കൗണ്ടറില്‍ നിന്ന് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങണം.
ആലപ്പുഴ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരുടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളംകളി കഴിഞ്ഞ് നെഹ്റു പവിലിയനില്‍ നിന്ന് തിരികെപ്പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തി.
മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വള്ളംകളി നടക്കുന്നത്. 2018 പ്രളയം മുതല്‍ വള്ളംകളി ആഗസ്റ്റില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. കൊവിഡ് കാരണം കഴിഞ്ഞ തവണയും ജലമേള മുടങ്ങിയിരുന്നു.