പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിൽ പൊലീസ് വീഴ്ച്‌ചയിൽ അന്വേഷണം. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയെ അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചതിലാണ് അന്വേഷണം. പാലക്കാട് എസ്‌പി ഇന്ന് തന്നെ റിപ്പോർട്ട് നൽണമെന്ന് എഡിജിപി മനോജ് എബ്രഹാം ഉത്തരവിട്ടു. അതേസമയം ഒളിവിൽ പോയ പ്രതി ചെന്താമരയെ പിടികൂടാൻ ആയിട്ടില്ല.
പാലക്കാട് നെന്മാറയിലെ ഇരട്ടകൊലപാതകത്തിന്റെ കാരണം പൊലീസിന്റെ സുരക്ഷാ വീഴ്ചയെന്ന് ആരോപണം ഉയർന്നിരുന്നു. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് മാസം മുൻപ് പുറത്തിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമരൻ അമ്മയെയും മകനെയും കൊലപ്പെടുത്തുമെന്ന് അറിയാമായിരുന്നുവെന്നും തുടർന്ന് പൊലീസിൽ പ്രൊട്ടക്ഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ ഒരു നടപടിയും പൊലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്ന് വനത്തിനുള്ളിലും ചെന്താമരന്റെ വീടിനോട് ചേർന്നുള്ള കുളത്തിലും പരിശോധന നടത്തും. അതേസമയം നേരെത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കിട്ടിയിരുന്നില്ല. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ചെന്താമരയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തിൽ അന്വേഷണ സംഘം പ്രതി ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിലും തിരച്ചിൽ നടത്തുമെന്ന്പൊലീസ് അറിയിച്ചു. പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നായ എത്തി നിന്നത് ഈ കുളത്തിനടുത്താണ്. ഇതേ തുടർന്നാണ് കുളത്തിൽ തിരച്ചിൽ നടത്താൻ അന്വേഷണ സംഘം തീരുമാനം എടുത്തിരിക്കുന്നത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലാവും തിരച്ചിൽ നടത്തുക.
തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ൽ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്നതിനിടെ 2022 ൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നായിരുന്നു ഉപാധി. 2023ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.