തൃശൂരില്‍ ബിജെപി ജയിക്കുമെന്ന് ഒരു വേളയില്‍പ്പോലും കരുതിയില്ല; ജനങ്ങളോട് തെറ്റുകള്‍ ഏറ്റുപറയും; വിശ്വാസം നേടി തിരിച്ചു വരാനാണ് തീരുമാനമെന്ന് സിപിഎം

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ തനിച്ച് ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടു, അതായത്, ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നേടുന്നതില്‍ സിപി എം ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കൂട്ടായ്മ നടത്തിയ ശ്രമം ഒരുപരിധിവരെ വിജയിച്ചവെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനാവശ്യമായ ആശയപരിസരം ഒരുക്കുന്നതിലും ഓരോ സംസ്ഥാനത്തെയും സാഹചര്യം നോക്കി ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കുകയെന്ന അടവുനയം മുന്നോട്ടുവയ്ക്കുന്നതിലും സിപിഎം കാര്യമായ പങ്കുവഹിച്ചു.

എന്നാല്‍, ആ വിജയം കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാക്കുന്നതില്‍ പാര്‍ടിക്ക് വിജയിക്കാനായില്ല. ഇത് എന്തുകൊണ്ടാണെന്ന പരിശോധന ജൂണ്‍ മൂന്നാംവാരത്തില്‍ അഞ്ചു ദിവസം നീണ്ട പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും ഈ യോഗത്തില്‍ പങ്കെടുത്തു. ഉള്ളുതുറന്ന ചര്‍ച്ചയാണ് യോഗത്തില്‍ ഉണ്ടായത്. വിമര്‍ശ, സ്വയം വിമര്‍ശമെന്ന തത്വത്തില്‍ അധിഷ്ഠിതമായ ഗൗരവമേറിയ ചര്‍ച്ചയാണ് നടന്നത്. തുടര്‍ന്ന് എല്ലാ ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുപ്പുഫലവും പ്രവര്‍ത്തനവും വിലയിരുത്തി. ഈമാസം 28 മുതല്‍ 30 വരെ ഡല്‍ഹിയില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി ചേരുന്നുണ്ട്. അതിനുശേഷം ജൂലൈ രണ്ടുമുതല്‍ നാലുവരെ നാല് മേഖലാ യോഗങ്ങള്‍ നടക്കും. ഈ യോഗങ്ങളില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കും. തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മേഖലകളാക്കി തിരിച്ച് കാര്യങ്ങള്‍ വിശദീകരിക്കും. ലോക്കല്‍ തലത്തിലും വിപുലമായ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ജനങ്ങളോട് സംവദിക്കും. ബൂത്തുതല പരിശോധനയും നടത്തും. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായെന്ന് സമ്മതിക്കുന്നതില്‍ ഒരു വൈമുഖ്യവും സിപിഎമ്മിന് ഇല്ല.

കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയതിനാല്‍ ജയിക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, തിരിച്ചടി ഉണ്ടാകുകയും ചെയ്തു. തൃശൂരില്‍ ബിജെപി ജയിക്കുമെന്ന് ഒരു വേളയില്‍പ്പോലും കരുതിയില്ല. അതും സംഭവിച്ചു. മൊത്തം പരാജയത്തേക്കാള്‍ അപകടകരമാണ് തൃശൂരിലെ ബിജെപിയുടെ വിജയം. ഈയൊരു പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ എല്ലാ ഘടകങ്ങളും തുറന്ന ചര്‍ച്ച നടത്തുന്നത്.

ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ടിയും സര്‍ക്കാരും തിരുത്തേണ്ട എന്തൊക്കെ കാര്യങ്ങളുണ്ടോ അതൊക്കെ തിരുത്തുകതന്നെ ചെയ്യും. എന്തെല്ലാം മാറേണ്ടതുണ്ടോ അതെല്ലാം മാറ്റും. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. അതുകൊണ്ടുതന്നെ അവര്‍ നല്‍കിയ മുന്നറിയിപ്പ് സിപിഐ എമ്മിന് അവഗണിക്കാനാകില്ല. പെന്‍ഷനും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും നല്‍കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ബോധപൂര്‍വം നല്‍കാതിരുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടതും അനുവദിക്കേണ്ടതും തടഞ്ഞതിനാലാണ് പ്രതിസന്ധിയുണ്ടായത്. വീണ്ടും മോദി തന്നെ അധികാരത്തില്‍ വന്നതിനാല്‍ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. കേരളത്തിലെ യുഡിഎഫ് ആകട്ടെ ഇക്കാര്യത്തില്‍ മോദിക്ക് ഒപ്പവുമാണ്. അതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് മുന്‍ഗണനാക്രമം നിശ്ചയിച്ച് മുന്നോട്ടു പോകേണ്ടിവരും. സര്‍ക്കാര്‍ ആദ്യം പരിഗണിക്കേണ്ടത് ഏതെന്ന് നിശ്ചയിക്കുമ്പോള്‍ ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ആദ്യം നല്‍കാന്‍ കഴിയണം. ഇക്കാര്യത്തില്‍ പാര്‍ടിയും സര്‍ക്കാരും യോജിച്ച് മുന്നോട്ടുപോകും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയാണെന്നും ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും കഴിഞ്ഞദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുകയുണ്ടായി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിക്കവാറും സംഭവിക്കുന്നതുപോലെ ഇക്കുറിയും യുഡിഎഫിനാണ് കേരളത്തില്‍ കൂടുതല്‍ സീറ്റ് ലഭിച്ചത്. ഇതിന് പ്രധാന കാരണം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ‘ഇന്ത്യ കൂട്ടായ്മ’യുടെ ലക്ഷ്യം നേടാന്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കുന്നതല്ലേ നല്ലതെന്ന ധാരണ ജനങ്ങളില്‍ ഉണ്ടായതാണ്. പ്രതിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നപക്ഷം അതിന്റെ നേതൃത്വം കോണ്‍ഗ്രസിന് ആയിരിക്കില്ലേ എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് ഈ ധാരണ പരത്താന്‍ യുഡിഎഫ് ആയുധമാക്കുകയും ചെയ്തു.

എന്നാല്‍, ഇതേ കോണ്‍ഗ്രസും യുഡിഎഫും സഹായിച്ചതിനാലാണ് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കാന്‍ കാരണമായത് എന്നതാണ് വസ്തുത. ബിജെപി തൃശൂരില്‍ വിജയിച്ചുവെന്നത് മാത്രമല്ല, അവരുടെ വോട്ട് ശതമാനം വര്‍ധിക്കുകയുംചെയ്തു. തൃശൂരില്‍ 74, 686 വോട്ടിനാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസിന് ഇവിടെ 86,000 വോട്ട് കുറഞ്ഞു. ബിജെപി 10 ശതമാനം വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് 9.92 ശതമാനം വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്ന ക്രിസ്ത്യന്‍ ജനവിഭാഗം ബിജെപിക്ക് അനുകൂലമായി നീങ്ങിയതാണ് ബിജെപിയുടെ വിജയത്തിനു കാരണമായത്. ഇതിനുംപുറമെയാണ് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടും ബിജെപിക്ക് അനുകൂലമായി ചോര്‍ന്നത്.

മതം, ജാതി, സ്വത്വവാദ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ സഹായിച്ചു. ഇസ്ലാം രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിംലീഗും യുഡിഎഫും ഒരു മുന്നണിയായാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ കക്ഷികള്‍ ചില മണ്ഡലങ്ങളില്‍ പ്രത്യേകമായി മത്സരിക്കാറുണ്ടെങ്കിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ കക്ഷികളെല്ലാം ഒരു മുന്നണിപോലെയാണ് പ്രവര്‍ത്തിച്ചത്. ഈ ന്യൂനപക്ഷ വര്‍ഗീയ മുന്നണിയെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തിയെടുക്കാന്‍ ബിജെപിയും ശ്രമിച്ചു. ഈ വസ്തുത മറച്ചുപിടിക്കാനാണ് മതനിരാസമാണ് സിപിഐ എമ്മിന്റെ മുഖമുദ്രയെന്ന പ്രസ്താവനയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തുവന്നത്. മതനിരോധനത്തെ ഒരുകാലത്തും പിന്തുണയ്ക്കാത്ത പാര്‍ടിയാണ് സിപിഐ എം. ഏതു മതത്തില്‍ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തണമെന്നാണ് സിപിഐ എമ്മിന്റെ പാര്‍ടി പരിപാടി പറയുന്നത്.

അതോടൊപ്പം ക്രിസ്ത്യന്‍,- മുസ്ലിം സ്പര്‍ധ വളര്‍ത്തി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് നേടാനും ബിജെപി ശ്രമിച്ചു. ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും വളര്‍ത്തി വോട്ട് നേടുകയെന്ന അത്യന്തം അപകടകരമായ നീക്കമാണ് ബിജെപി നടത്തിയത്. മണിപ്പുരിനെ കുരുതിക്കളമാക്കിയത് ഇതേ ബിജെപിയാണെന്ന് മറന്നുപോകരുത് എന്നുമാത്രമേ ബിജെപിയുടെ കെണിയില്‍ വീഴുന്നവരോട് പറയാനുള്ളൂ. ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടു തുടങ്ങിയ പ്രസ്താവനകള്‍ ഈ ദിശയിലുള്ളതാണ്. ‘പലമതസാരവുമേകം’ എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് ശ്രീനാരായണ ഗുരുദര്‍ശനം പിന്തുടരുന്നവര്‍ ആലോചിക്കണമെന്നാണ് പറയാനുള്ളത്.

ഇനി മറ്റൊരു കാര്യംകൂടി വ്യക്തമാക്കാം. തെരഞ്ഞെടുപ്പുകാലത്ത് ഏതാനും വോട്ട് നേടാനുള്ള നയത്തിന്റെ ഭാഗമായല്ല ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐ എം കാണുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്താനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ. അതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമത്തെയും ഏക സിവില്‍ കോഡിനെയും സിപിഐ എം എതിര്‍ക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമോ, ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുമോ എന്നുനോക്കിയുള്ള അവസരവാദ സമീപനത്തിന്റെ ഭാഗമല്ല അത്. ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐ എം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ സിപിഎം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള എല്ലാ ശ്രമവും പാര്‍ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകും. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം നേടി തിരിച്ചുവരിക എന്നതാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി