ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്ക് പുതിയ കമ്പനി; കരാര്‍ തുക 58 കോടി

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്കുള്ള കരാര്‍ പുതിയ കമ്പനിയെ ഏല്‍പ്പിച്ചു. കൊച്ചിയിലെ ഇ.കെ.കെ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ജി.എസ്.ടി ഇല്ലാതെ 58 കോടി രൂപയാണ് കരാര്‍ തുക.

12 കിലോമീറ്റര്‍ ദേശീയപാതയുടെയും 24 കിലോമീറ്റര്‍ സര്‍വീസ് റോഡിന്റെയും ടാറിംഗും ചാലക്കുടി അടിപ്പാതയും ആറുമാസത്തിനകം പൂര്‍ത്തിയാക്കണം. അറ്റകുറ്റപ്പണിയില്‍ വീഴ്ചവരുത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാ കമ്പനിയില്‍ നിന്ന് ഈ തുകയും 25 ശതമാനം പിഴയും ഈടാക്കും.

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേടെന്ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2006ല്‍ നിര്‍മാണം തുടങ്ങി, 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞ് നാശമായത് വന്‍ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ 2020 ജൂലായ് ഏഴിനായിരുന്നു സി.ബി.ഐ എഫ്.ഐ.ആറിട്ടത്.

Read more

റോഡ് നിര്‍മിച്ച ഗുരവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ര് കമ്പനി നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവരെ പ്രതിയാക്കി സി.ബി.ഐ എടുത്ത കേസില്‍ 102 കോടിയുടെ പ്രാഥമിക ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ എട്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം.