ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഗ്രൂപ്പില്ലാതെ കണ്ടെത്താന്‍ നീക്കം നടക്കുന്നതിനിടെ വിലങ്ങു തടിയായി നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പതിനാല് ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാരെയും പുതിയതായി നിയമിക്കാനാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗ്രൂപ്പ് വീതം വെപ്പിനപ്പുറം മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നതില്‍ അവകാശവാദമുണ്ട്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതോടെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടികള്‍ ആരംഭിച്ചിരുന്നു. നേതാക്കളില്‍ പലരെയും മാറ്റി നിര്‍ത്തി പുതിയ പരീക്ഷണങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതില്‍ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും അമര്‍ഷമുണ്ടെന്നാണ് സൂചന. രാഹുല്‍ഗാന്ധിക്ക് കൈമാറിയ സാധ്യതാ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എന്നിവര്‍ക്ക് പുറമേ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അത്തരം ആവശ്യം അറിയിച്ചതായാണ് സൂചന. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. രാഹുലുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ 14 ഡിസിസി കളിലും ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് മാത്രമായിരിക്കും അദ്ധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞദിവസം കെ സുധാകരന്റെ ഡല്‍ഹിയിലെ വസതിയില്‍ വി ഡി സതീശനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും പി ടി തോമസും ടി സിദ്ദിഖും യോഗം ചേര്‍ന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വറുമായും എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുമായും നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
കൊല്ലത്ത് ഐ ഗ്രൂപ്പില്‍ തന്നെ തര്‍ക്കം രൂക്ഷമാണ്. കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്ക് ഒരു പേര് മാത്രം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുവന്തപുരത്ത് ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അവകാശവാദമുന്നയിച്ചിട്ടുണ്ട്. കണ്ണൂരില്‍ കെ സുധാകരന്റെ താല്പര്യമാകും നിര്‍ണ്ണായകമാവുക. പാലക്കാട് എ വി ഗോപിനാഥ് ആവശ്യം ശക്തമാക്കുകയാണെങ്കിലും വി ടി ബലറാമിനോടാണ് നേതാക്കള്‍ക്ക് താല്പര്യം. പി കെ ജയലക്ഷമിയെ വയനാടും പത്മജാ വേണുഗോപാലിനെ തൃശ്ശൂരും പരിഗണിക്കുന്നുണ്ട്. മലപ്പുറത്തും തര്‍ക്കം തുടരുകയാണ്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുന്നത്. ഗ്രൂപ്പ് വീതം വെപ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമതീരുമാനത്തിലെത്താന്‍ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാന്‍ഡിനെ കാണാന്‍ കെപിസിസി അധ്യക്ഷന്‍ തീരുമാനിച്ചത്.
സജീവഗ്രൂപ്പ് പ്രവര്‍ത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് സ്ഥാനാര്‍ത്ഥികള്‍ പരാതിപ്പെട്ടവരും സാധ്യതാപട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എംപിമാരോ എംഎല്‍എമാരോ ഡിസിസി പ്രസിഡന്റുമാരാകേണ്ടതില്ലെന്നത് മാത്രമാണ് എല്ലാവരും യോജിച്ച തീരുമാനം.