കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരൻ; ജാതി വിവേചനം നേരിട്ട ബാലു രാജിവെച്ച ഒഴിവിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്‌വൈസ് മെമോ അയച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവെച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ എസ് അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്.

കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെൻറ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.

ക്ഷേത്രത്തിലെ കഴകക്കാരൻ ബാലുവിന് ജാതി വിവേചനം നേരിട്ടതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വഴി നിയമിച്ച ബാലുവിനെ ഓഫീസിലേക്ക് മാറ്റിയിരുന്നു. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകിയിരുന്നു. എന്നാൽ സ്ഥലംമാറ്റം താൽക്കാലികമെന്നായിരുന്നു ദേവസ്വം ബോർഡിൻറെ വിശദീകരണം. വിഷയത്തിൽ കൃത്യമായ ഇടപെടൽ വേണമന്ന് കെ രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ കഴക ജോലികൾക്കായി പത്ത് മാസത്തേക്കാണ് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും അത് തെറ്റുതന്നെയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. മനുവാദ സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണമെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടു നിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം.

Read more