പുതുവത്സരാഘോഷം കണക്കിലെടുത്ത് കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ വിപുലമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തുമെന്നും ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാരെ നിയമിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
‘ഫോര്‍ട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സര്‍വീസ് വൈകിട്ട് നാലു മണി വരെ ഏര്‍പ്പെടുത്തും. പുതുവര്‍ഷത്തലേന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പാര്‍ക്കിംഗിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളിഗ്രൗണ്ടില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും’ കമ്മീഷണര്‍ അറിയിച്ചു.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. കോസ്റ്റല്‍ പൊലീസും നിരീക്ഷണത്തിനുണ്ടാകും. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു ശേഷം തിരിച്ചു പോകുന്നവര്‍ക്കായി ഗതാഗത സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. കൊച്ചി മെട്രോ സര്‍വ്വീസ് പുലര്‍ച്ചെ രണ്ടു മണി വരെ ഉണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.
വാട്ടര്‍ മെട്രോ ഫോര്‍ട്ടു കൊച്ചിയിലേക്കും ഹൈക്കോടതി ജെട്ടിയിലേക്കും അധിക സര്‍വ്വീസ് നടത്തും. കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും അധിക സര്‍വ്വീസ് നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.