പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 22 കടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍, യുഡിഎഫ-് സ്ഥാനാര്‍ത്ഥി ജോസ് ടോം, കെഎം മാണിയുടെ കുടുംബം, പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സിനിമാതാരം മിയ ജോര്‍ജ് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ 128-ാം നമ്പര്‍ ബുത്തിലെത്തിയാണ് കെഎം മാണിയുടെ കുടുംബം വോട്ട് രേഖപ്പെടുത്തിയത്. ജോസ്.കെ.മാണി, നിഷാ ജോസ്.കെ. മാണി, കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെഎം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് മാണിയുടെ കുടുംബം വോട്ട് ചെയ്യാനെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന പൂര്‍ണവിശ്വാസമുണ്ടെന്ന് കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ പ്രതികരിച്ചു. മാണി സാറിന്റെ പിന്‍ഗാമിയാണ് ജോസ് ടോം. ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കുട്ടിയമ്മ പ്രത്യാശ പ്രകടിപ്പിച്ചു.
ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. രാവിലെ 7 മണി മൂതല്‍ 6 മണി വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളും സജ്ജമായി. ചിലയിടങ്ങളില്‍ യന്ത്ര തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13 പേര്‍ മത്സരിക്കുന്ന പാലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പനും എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും തമ്മിലാണു പ്രധാന മത്സരം. മണ്ഡലത്തില്‍ ആകെയുള്ളത് 1,79,107 വോട്ടര്‍മാരാണ്. ഇതില്‍ 1888 പേര്‍ പുതുമുഖങ്ങള്‍. തെരഞ്ഞെടുപ്പു നിയന്ത്രിക്കാന്‍ 200 ഉദ്യോഗസ്ഥരേയും സുരക്ഷയൊരുക്കാന്‍ 700 പോലീസുകാരേയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്നു മുന്നണികള്‍ക്കും പാലാഫലം നിര്‍ണായകമാണ്.