നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ പിതാവിനെയും മകളെയും അധിക്ഷേപിച്ച എ.എസ്.ഐയെ സസ്പെന്റ് ചെയ്തു. സംഭവത്തിൽ റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
നെയ്യാർഡാം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചെന്നും പരാതിക്കാരോട് മോശമായി പെരുമാറിയ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇയാളോട് നേരിട്ട് വിശദീകരണം തേടണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Read more
പരാതിക്കാരൻ പ്രകോപിപ്പിച്ചു എന്ന എഎസ്ഐയുടെ വിശദീകരണം നിലനിൽക്കില്ല. മറ്റൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗോപകുമാർ സ്റ്റേഷനിലെത്തിയത്. അതിനിടെ പ്രകോപിതനായി മോശം വാക്കുകൾ ഉപയോഗിച്ചത് ന്യായീകരിക്കാനാകില്ല. ഡ്യൂട്ടിയിലിരിക്കേ മഫ്തി വേഷത്തിൽ സ്റ്റേഷനിലേക്കു വന്നതു തെറ്റാണ്. സിവിൽ ഡ്രസിൽ പോകേണ്ട ഡ്യൂട്ടിയിലായിരുന്നില്ല ഗോപകുമാർ. എഎസ്ഐയുടെ പ്രവർത്തനം പൊലീസ് സേനയ്ക്കു ചേരാത്തതാണെന്നും സേനയെ അപകീർത്തിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.