പൊതുദർശനം, പുതിയ സമാധി സ്ഥലം; മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര ഗോപന് മഹാസമാധിയായി സംസ്കാരം, പരാമർശത്തിൽ ക്ഷമ ചോദിച്ച് മകൻ

വിവാദമായ നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മോർച്ചറിയിൽ നിന്ന് വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം മഹാസമാധിയായി സംസ്കാരം നടത്തുമെന്ന് മകൻ സനന്ദൻ പറഞ്ഞു.

മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു. പൊളിച്ച കല്ലറക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിർമിച്ചിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കുമെന്നും പരാതിക്ക് പിന്നിൽ മുസ്ലിം തീവ്രവാദികൾ ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും മകൻ സനന്ദൻ പറഞ്ഞു.

അതേസമയം കേസിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കാനാണ് പൊലീസ് തീരുമാനം. ഭാര്യയുടെയും മക്കളുടെയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിർണായകമാണെന്നും പൊലീസ് പറഞ്ഞു. മരണത്തിലെ ദുരൂഹത നീക്കാൻ രാസപരിശോധന ഫലം ലഭിക്കണം.

അന്വേഷണം നടക്കട്ടെ മഹാ സമാധി വിപുലമായി നടത്തുമെന്ന് വിഎസ്‍ഡിപി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞു. അന്വേഷണം നടത്തി പുക മറ മാറ്റണം. അസ്വാഭാവികമായി മരണത്തിൽ ഒന്നുമില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

Read more