പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലനും താഹയ്ക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജാമ്യം റദ്ദാക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു. ഇരുവർക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്ന് ഹർജയിൽ പറയുന്നു. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അറസ്റ്റിലായ പത്ത് മാസങ്ങൾക്ക് ശേഷം ഇന്ന് വൈകീട്ടോടെ അലനും താഹയും ജയിൽമോചിതരാകാനിരിക്കെയാണ് എൻ.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകാൻ ഇരിക്കുകയായിരുന്നു. പാസ്‌പോർട്ട് കെട്ടിവെയ്ക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ഇരുവർക്കും പുറത്തിറങ്ങാൻ കഴിയുമെന്ന് കരുതിയിരിക്കുമ്പോഴാണ് എൻ.ഐ.എയുടെ പുതിയ നീക്കം.
കഴിഞ്ഞ വർഷം നവംബർ 1- നായിരുന്നു പന്തീരാങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.
അലനും താഹയും മാവോയിസ്റ്റ് അനുഭാവമുള്ളവർ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി ആണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.