തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നും ഇയാളാണ് മൂന്നാം പ്രതിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇയാൾ ഇപ്പോൾ വിദേശത്താണ്. ഫൈസൽ ഫരീദിനെ നേരത്തെ കസ്റ്റംസ് പ്രതി ചേർത്തിരുന്നില്ല. ഇയാൾക്ക് കേസിൽ എന്താണ് പങ്കെന്നും കസ്റ്റംസ് വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സരിത് എൻ.ഐ.എയ്ക്ക് നൽകിയിരിക്കുന്ന മൊഴി.
ഫൈസല്‍ ഫരീദാണ് സ്വർണം യു.എ.ഇ കോൺസുലേറ്റിന്‍റെ വിലാസത്തിൽ കാർഗോയായി അയച്ചതെന്നും സരിത് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. നിലവില്‍ കസ്റ്റഡിയിലുള്ള സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. സന്ദീപ് നായർ നാലാംപ്രതിയാണ്.
അതേസമയം കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിനോട് യു.എ.ഇക്ക് യോജിപ്പില്ല. ഇതിലുള്ള അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്.