അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻ.ഐ.എ സ്പെഷല്‍ കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി. ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയില്‍ ഉണ്ടെന്നും അത് പരിഗണിക്കുന്നത് വരെ ഇന്ന് ഉച്ച വരെയെങ്കിലും ഇരുവരെയും പുറത്തിറക്കരുതെന്നുമാണ് എന്‍.ഐ.എ സ്പെഷല്‍ കോടതിയില്‍ നല്‍കിയ ഹർജിയില്‍ ആവശ്യപ്പെട്ടത്. അപേക്ഷ എന്‍.ഐ.എ സ്പെഷ്യല്‍ കോടതി തള്ളി.
ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധിദിനങ്ങളാണ്. അതിനാലാണ് അലനും താഹയ്ക്കും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയിൽ എൻഐഎ എത്തുന്നത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീൽ വെച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ് എൻഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അൽപസമയത്തിനകം ഹർജി ഹൈക്കോടതി പരിഗണിക്കാനാണ് സാദ്ധ്യത.
നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് പന്തിരങ്കാവിൽ നിന്നും രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത് 2019 നവംബർ ഒന്നിനാണ്. പിന്നീട് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുകയും കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. 10 മാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് പ്രതികൾക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ നിലനിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ പരോക്ഷമായി എന്‍.ഐ.എയെ വിമർശിക്കുകയും ചെയ്തിരുന്നു.
Read more
എന്നാൽ ജാമ്യം നൽകി ഉത്തരവ് പുറപ്പെടുവിച്ച ഉടൻ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. ഇതിന് സാവകാശം അനുവദിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടർന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കാൻ ഉടൻ തന്നെ എന്‍.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്.