സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. രാത്രി പത്ത് മുതല്‍ കാലത്ത് അഞ്ച് വരെയാണ് നിയന്ത്രണം. ജനുവരി രണ്ട് വരെ ഇത് തുടരും. അടിയന്തര സാഹചര്യങ്ങളില്‍ പുറത്ത് ഇറങ്ങേണ്ടി വരുന്നവര്‍ സാക്ഷ്യപത്രം കൈയില്‍ കരുതണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.
ആരാധനാലയങ്ങളില്‍ അടക്കം പൊതുഇടങ്ങളില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് ദുരന്തനിവാരണ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ശബരിമല -ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയട്ടുണ്ട്.
കടകള്‍ രാത്രി 10 മണിക്ക് അടക്കണം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.
പുതുവത്സര ആഘോഷങ്ങള്‍ക്കും രാത്രി 10 മണിക്ക് ശേഷം അനുമതിയില്ല. ആഘോഷങ്ങളും ആള്‍ക്കൂട്ടവും അനുവദിക്കില്ല. തിയേറ്ററുകളിലും ഇന്ന് മുതല്‍ രണ്ടാം തിയതി വരെ രാത്രി പ്രദര്‍ശനത്തിന് വിലക്കുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
രാത്രികാലങ്ങളില്‍ വാഹനപരിശോധനയും കര്‍ശനമാക്കും. ആഘോഷങ്ങള്‍ നടക്കാന്‍ സാദ്ധ്യത ഉള്ള സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. നിലവിലെ സാഹചര്യങ്ങല്‍ നിരീക്ഷിച്ച ശേഷം രോഗ വ്യാപന തോത് കണക്കാക്കിയായിരിക്കും നിയന്ത്രണങ്ങള്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.