കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നിള രണ്ട് മാസത്തിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഒഴുകും. വിവിധ പഴ വര്‍ഗ്ഗങ്ങളില്‍ നിന്ന് കാര്‍ഷിക സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് നിള എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവയില്‍ നിന്നാണ് നിളയുടെ ഉത്പാദനം. സര്‍വകലാശാലയ്ക്ക് ഉത്പാദനത്തിനും വില്‍പ്പനയ്ക്കുമുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് നല്‍കിയിട്ടുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രികള്‍ച്ചര്‍ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് വൈന്‍ നിര്‍മ്മിക്കുന്നത്. 125 ലിറ്റര്‍ വീഞ്ഞാണ് ഒരു ബാച്ചില്‍ നിര്‍മ്മിക്കാനാകുക. ഇതിനായി ഒരു മാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറ് മാസം പാകപ്പെടുത്തുന്നതിനും സമയം ആവശ്യമാണ്.
കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവ കേടായി നശിക്കുന്നത് വൈന്‍ നിര്‍മ്മാണത്തിലൂടെ തടയാനാകും എന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല. ഇന്ത്യയിലെ മുന്‍നിര വൈന്‍ ഉത്പാദകരായ നാസിക്കിലെ സുല വൈന്‍ യാര്‍ഡിന്റെയും കര്‍ണാടക സര്‍ക്കാരിന്റെ ഗ്രേപ്പ് ആന്‍ഡ് വൈന്‍ ബോര്‍ഡിന്റെയും അംഗീകാരവും നിളയ്ക്ക് ലഭിച്ചിട്ടുണ്ട്.