അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് അമ്മ ബിന്ദു ഹർജി പിൻവലിച്ചത്. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അഫ്‌ഗാൻ ജയിലില്‍ കഴിയുന്ന നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അതിനാല്‍ ഇരുവരെയും തിരികെയെത്തിക്കാനായി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പൗരന്മാരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ വാദം.
ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാന്‍ അഫ്‌ഗാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്‌ഗാന്‍ ഇന്ത്യയോട് തേടുകയും ചെയ്‌തു. എന്നാല്‍ അഫ്‌ഗാന്‍ ജയിലുകളില്‍ കഴിയുന്ന വനിതകളെ തിരിച്ചെത്തിയ്ക്കുന്നതില്‍ ആലോചനയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മതമൗലികവാദ ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്.