യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരുമാസത്തിനകം നടപ്പിലാക്കിയേക്കും. വധശിക്ഷ നടപ്പിലാക്കാൻ യമൻ പ്രസിഡന്റ അനുമതി നൽകി. യമൻ പൗരനെ കൊലപ്പെടുത്തിയെന്നാണ് നിമിഷപരിയക്കെതിരായ കേസ്.
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കേസിൽ മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാൽ അബ്‌ദുമെഹ്‌ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കാൻ യമൻ ഭരണകൂടം ഒരുങ്ങുന്നത്.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.