ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ച സംഭവത്തിൽ 9 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയുടെ പേരിലായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരനും, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുമായ വിനയകുമാറിന്‍റെ പേരിലാണ് മുറി.
ക്ലബ്ബിലെ ലക്ഷങ്ങളുടെ ചീട്ടുകളി നടത്തിയതിൽ വിനയകുമാർ ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. പിടിയിലായ 9 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നഗരത്തിലെ സമ്പന്നരുടെ പ്രധാന ക്ലബ്ലായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍ പണം വച്ച് ചീട്ടു കളിക്കുന്നുഎന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
നടത്തിപ്പുകാര്‍ ഉള്‍പ്പടെ ഏഴംഗ സംഘം മുറിയിലുണ്ടായിരുന്നു. മുറി പരിശോധിച്ചപ്പോള്‍ അഞ്ചുലക്ഷത്തി അറുപതിനായിരം രൂപയാണ് കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങളും മ്യൂസിയം പൊലീസ് പരിശോധിച്ചു.അഷറഫ്, സിബി ആന്‍റണി, സീതാറാം, മനോജ്, വിനയകുമാർ, വിനോദ്, അമൽ, ശങ്കർ, ഷിയാസ് എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറിന്‍റെ പേരിലാണ് ക്വാട്ടേഴ്സ് എടുത്തതെന്ന് ക്ലബ് അധികൃതർ പറഞ്ഞു. വിനയകുമാറിനെതിരെ സംസ്ഥാന സർക്കാർ അച്ചടക്ക നടപടി എടുത്തേക്കുമെന്നാണ് സൂചന. കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാര്‍ എന്നത് സിപിഎമ്മിന് അടുത്ത ബാധ്യതയാകാൻ സാധ്യതയുണ്ട്.