സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 14 കാരൻ മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്നലെ ആയിരുന്നു നിപ സ്ഥിരീകരിച്ചത്.
ഈ മാസം 10 നാണ് കുട്ടിക്ക് പനി സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് 10.50 ഓടെ ഹൃദയഘാതം ഉണ്ടാവുകയും 11. 30 ഓടെ കുട്ടി മരിക്കുകയും ആയിരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ശവസംസ്‌കാരം പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ അഞ്ച് തവണയാണ് നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ നിപ ബാധിച്ച കേരളത്തിൽ 20 പേരാണ് മരിച്ചിട്ടുള്ളത്.