മലപ്പുറത്ത് നിപ രോഗലക്ഷണമുള്ള പത്ത് പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് സാമ്പിളുകളെടുത്തത്. കോഴിക്കോട് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച വൈകിട്ടോടെ പുറത്തുവരും.
വണ്ടൂരിനടുത്ത് നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ രോഗലക്ഷണമുള്ള പത്ത് പേരുടെ സാമ്പിളുകളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.
കൂടാതെ, യുവാവിന്റെ കോൺടാക്റ്റ് ലിസ്റ്റ് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തയ്യാറാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷം യുവാവ് എവിടെയൊക്കെ പോയിരുന്നു എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരുവില്‍ രണ്ടുമാസംമുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സ തേടുകയായിരുന്നു.