Connect with us

KERALA

നിപ്പയ്ക്ക് പ്രതിരോധം തീര്‍ത്ത സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിച്ച് ഹൈക്കോടതി; ‘സ്വീകരിച്ച എല്ലാ നടപടികളിലും സംതൃപ്തി’

, 6:15 pm

നിപ്പ വൈറസിനെ മികച്ചരീതില്‍ പ്രതിരോധിച്ച സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും അഭിനന്ദിച്ച് ഹൈക്കോടതി. നിപ്പയെ ക്രീയാത്മകമായ ഇടപെടലിലൂടെയാണ് സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്. ആരോഗ്യവകുപ്പിനെ കോടതി പേരെടുത്ത് പ്രത്യേകമായി പ്രശംസിച്ചു. നിപ്പ രോഗം സംബന്ധിച്ച് തെറ്റിധാരണകള്‍ തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളിലും കോടതി സംതൃപ്തി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലക്കപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും കോടതി പ്രശംസിച്ചു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.

ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ജീവന്‍ പണയം വച്ചാണ് നിപ്പായെ തുരത്തിയത്. അതേ സമയം അതിനെല്ലാം ചുക്കാന്‍ പിടിച്ച ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷപാര്‍ട്ടികള്‍ പോലും അഭിനന്ദിച്ചിരുന്നു.

നിപ്പായില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നായിരുന്നു പികെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളറിയിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യം നിപ്പ വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തയുടന്‍ പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരി, ആയൂര്‍വേദ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. നിപ്പ വൈറസ് ബാധ വിദേശ മരുന്നു കുത്തകകളുടേയും മറ്റും നിര്‍മിതിയാണെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.