നിപ; അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം, തമിഴ്നാട് ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടും

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനെ പിന്നാലെ തമിഴ്നാട് അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം. നിപ സംബന്ധിച്ച് കേരളത്തിൽ ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി തമിഴ്നാട് ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടും.

വാളയാർ അതിർത്തിയിൽ അടക്കം കേരളത്തിൽ നിന്നുള്ളവരെ പരിശോധിക്കുന്നതിൽ സംസ്ഥാനം അതൃപ്തി അറിയിക്കും. കോളറ വ്യാപന സമയത്ത് തമിഴ്നാട്ടിൽ നിന്ന് ആളുകൾക്ക് കേരളത്തിൽ വിലക്കുണ്ടായിരുന്നില്ലെന്നും സംസ്ഥാനം കൂട്ടിച്ചേർത്തു.

മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയത്. വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. പാലക്കാട് ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നീളുന്ന പരിശോധനയാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നത്.