'മലപ്പുറത്ത് നിപ സംശയം', കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്; ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെ ലാബിലെ ഫലം വരണമെന്ന് ആരോഗ്യമന്ത്രി; കൺട്രോൾ റൂം തുറന്നു

മലപ്പുറത്ത് നിപ സംശയം നിലനിൽക്കുന്നതിനാൽ കൺട്രോൾ സെൽ തുറന്ന് ആരോഗ്യ വകുപ്പ്. കൺട്രോൾ റൂം നമ്പർ: 0483 2732010. മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 15കാരന് കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ ടെസ്റ്റിൽ നിപ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. അതേസമയം ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെ ലാബിലെ ഫലം വരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു.

നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫലം വരുന്നതിനു മുൻപ് തന്നെ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

നിപ രോഗലക്ഷണങ്ങളെ തുടർന്നാണ് 15കാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിള്ളത്. കുട്ടിയുടെ അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. സ്രവ സാംപിൾ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.