നിപ വൈറസ്; സംസ്ഥാനത്തിന് നേരിയ ആശ്വാസം; ഏഴ് പരിശോധന ഫലങ്ങള്‍ നെഗറ്റീവ്

നിപ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധന ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. ഏഴ് പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരാണ് നെഗറ്റീവായ ഏഴുപേരും.

നിലവില്‍ 330 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. പട്ടികയിലുള്ളവരില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പട്ടികയിലുള്ളവര്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുള്ളവരല്ല. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുതിയ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പുതുതായി പുറത്ത് വരാനിരിക്കുന്നത് വിപുലമായ റൂട്ട് മാപ്പാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. വീടുകള്‍ കയറിയുള്ള സര്‍വേ തുടരുകയാണെന്നും പനിയുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും വീണ ജോര്‍ജ്ജ് അറിയിച്ചു. അതേസമയം മരിച്ച കുട്ടി വീടിനടുത്തുള്ള മരത്തില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പഴങ്ങ പറിച്ച് കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ മരത്തില്‍ വവ്വാലിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണത്തിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. പഴങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പരിശോധനകള്‍ നടക്കുന്നതായും വീണ ജോര്‍ജ്ജ് അറിയിച്ചു.