'എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നന്ദി'; പ്രതികരണവുമായി നിവിൻ പോളി

ലൈംഗിക പീഡന പരാതിയിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ഫേസ്ബുക്കിലൂടെയായിരുന്നു നിവിന്റെ പ്രതികരണം. ‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് നിവിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

കേസിലെ ആറാം പ്രതിയായിരുന്ന നിവിൻപോളിയെ പ്രതിസ്ഥാനത്ത്‌ നിന്ന് ഒഴിവാക്കി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് നൽകിയത്.

കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിൻ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരാതിക്കാരി ഉന്നയിച്ച ആരോപണത്തിൽ ഇതോടെ കഴമ്പില്ലെന്നും ഇതിൽ പറയുന്നു.

തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിൻ മൊഴി നൽകിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്‌പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് നിവിൻ പോളിയും മറ്റ് ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ.

Read more