തനിക്കെതിരെ സിപിഎം വ്യക്തിഹത്യ നടത്തിയെന്ന് കൊല്ലം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. തോമസ് ഐസക് ഉള്‍പ്പടെയുള്ള മൂന്ന് മുതിര്‍ന്ന നേതാക്കളാണ് ഇതിനു പിന്നിലെന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയ പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ആര്‍എസ്എസ് ആണെന്നതടക്കം ഉത്തരവാദിത്വമുളള രാഷ്ട്രീയ നേതാവ് നടത്താന്‍ പാടില്ലാത്ത തരത്തില്‍ സാമുദായികവും വര്‍ഗീയവത്കൃതവുമായ പ്രചാരണമാണ് തോമസ് ഐസക് നടത്തിയതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. പ്രതിലോമകരമായ പ്രചാരണ പ്രവര്‍ത്തനങ്ങളും ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നല്ല വിജയം കൈവരിക്കാന്‍ കഴിയുമെന്നുള്ള ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ വിവാദങ്ങള്‍ നല്ലതാണ്. എന്നാല്‍ കൊല്ലത്ത് ഉണ്ടായത് രാഷ്ട്രീയ വിവാദങ്ങള്‍ ആയിരുന്നില്ല. തികച്ചും വ്യക്തി കേന്ദ്രീകൃതമായിരുന്നു കഴിഞ്ഞ രണ്ട് മാസക്കാലം കൊല്ലം ലോക്‌സഭാ മണ്ഡലത്തിലുണ്ടായ വിവാദങ്ങളുടെ കേന്ദ്രബിന്ദു. എല്‍ഡിഎഫ് എന്ന് പോലും പറയുന്നില്ല, സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്വഭാവഹത്യയില്‍ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് കൊല്ലത്ത് മാത്രമായിരിക്കും.
വ്യക്തിഹത്യയില്‍ കേന്ദ്രീകരിച്ചതിനാല്‍ തന്നെ, കൊല്ലം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായി കാണാന്‍ സിപിഎം ആഗ്രഹിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യയിലൂടെ ഈ തിരഞ്ഞടുപ്പില്‍ എങ്ങിനെ രാഷ്ട്രീയമായ നേട്ടം കൊയ്യാമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായത്തോടെ ഗവേഷണം നടത്തിയാണ് അവര്‍ പ്രചാരണം നടത്തിയത്. എന്നാല്‍ അതെല്ലാം തനിക്ക് ഗുണം ചെയ്‌തെന്നാണ് കരുതുന്നത്.