കെവി തോമസ് ഒരു പാഴ്ചിലവ്; പൂര്‍ണ പരാജയം; കണക്ക് പോലും നല്‍കാന്‍ അറിയില്ല; കൂറുമാറ്റത്തിനും കാലുമാറ്റത്തിനും നല്‍കിയ പ്രത്യുപകാരമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനത്തിന്റെ കൈവശമുള്ള കണക്ക് പോലും കൃത്യമായി ബോധിപ്പിക്കാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പൂര്‍ണപരാജയമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ആശാവര്‍ക്കര്‍മാരുടെ കുടിശ്ശിക സംബന്ധിച്ച കണക്ക് പോലും നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അദേഹം എന്തിനാണ് ഡല്‍ഹിയില്‍ ഔദ്യോഗിക ചുമതല വഹിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു.

സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിന്റെ നിയമനം പാഴ് ചെലവാണ്. സത്യത്തില്‍ അദ്ദേഹത്തിന്റെ നടപടി കേരളത്തിന് നാണക്കേടാണ്. തോമസിനുവേണ്ടി ആവശ്യമില്ലാത്ത തസ്തികയാണ് ഡല്‍ഹിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറ്റത്തിനും കാലുമാറ്റത്തിനും നല്‍കിയ പ്രത്യുപകാരമാണ് നിയമനം. ഇതുവരെ അദ്ദേഹം കേരളത്തിലെ എം പിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ആശാവര്‍ക്കര്‍മാരുടെ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടത്.
ചര്‍ച്ചയില്‍ നിര്‍മലാ സീതാരാമന്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെതോടെയാണ് പ്രൊഫ. കെ.വി. തോമസിന് കൈമലര്‍ത്തേണ്ടി വന്നത്.

സര്‍ക്കാരിന്റെ നോട്ട് കിട്ടിയാല്‍ അത് മന്ത്രിക്ക് നല്‍കുമെന്നും ഇപ്പോള്‍ തന്റെ കൈയില്‍ കണക്കൊന്നും ഇല്ലെന്നും തോമസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെന്താണ് പ്രശ്നമെന്ന് പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചെന്നും ആശ വര്‍ക്കര്‍മാരുടെ പ്രശ്നംമാത്രം അറിയിക്കാനല്ല മന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നാണ് കെ.വി. തോമസ് പ്രതികരിച്ചത്. തുടര്‍ന്ന് മറുപടി പൂര്‍ത്തിയാക്കാതെ അദ്ദേഹം മടങ്ങി.