ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ വേണ്ട; എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് ബിനോയ്‌ വിശ്വം

മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയരുമ്പോൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. ആർഎസ്എസ് ബന്ധമുളള എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ. ഈ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം രംഗത്തെത്തിയിരുന്നു.

ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ക്രമസമാധാന ചുമതലയുള്ള എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെയും ബിനോയ് വിശ്വം വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതിനിടെ എഡിജിപിയെ മാറ്റണമെന്നത് ബിനോയ് വിശ്വത്തിൻ്റെ നിലപാടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ്റെ പ്രതികരണത്തെയും ബിനോയ് വിശ്വം തള്ളി. താൻ പറഞ്ഞത് സിപിഐയുടെ നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Read more